Saturday, June 8, 2013

കുഞ്ഞനന്തന്‍ കട തുറന്നു


മലയോരപ്രദേശത്തെ ശാന്തസുന്ദരമായ ഗ്രാമമാണ് വട്ടിപ്പുറം. അവിടെ നാട്ടുകാര്‍ ഒത്തുകൂടുന്ന ഒരു ജങ്ഷനുണ്ട്. അല്പം തിരക്കുള്ള സ്ഥലം. വായനശാല മുതല്‍ പലചരക്ക് കടവരെയുള്ള ഒരു സ്ഥലം. ഇവിടം വരാതെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. വട്ടിപ്പുറത്തെ ഏക ബസ്സും വന്നുനില്ക്കുന്ന സ്ഥലംകൂടിയാണിത്.

ഇവിടെയാണ് കുഞ്ഞനന്തന്റെ പലചരക്ക് കടയുള്ളത്. കുഞ്ഞനന്തന്റെ കടതന്നെയാണ് ഇവിടെ ഏററവും പ്രാധാന്യം നല്കുന്നത്. കാരണം കുഞ്ഞനന്തന്‍ വെറും കട നടത്തിപ്പുകാരന്‍ മാത്രമല്ല. തനിക്കുചുററും ജീവിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെട്ട്, അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്ന നന്മയുള്ള മനുഷ്യന്‍.

പാരമ്പര്യമായി കൈമാറി ലഭിച്ചതാണ് കുഞ്ഞനന്തന് ഈ കട. അതുകൊണ്ടുതന്നെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഗ്രാമീണതയുടെ നിഷ്‌കളങ്കതയ്‌ക്കൊപ്പം വ്യക്തമായ ജീവിതാഭിപ്രായങ്ങള്‍ കാത്തുസൂക്ഷിക്കുന്ന കുഞ്ഞനന്തന് വട്ടിപ്പുറം ഗ്രാമത്തില്‍ ഒതുങ്ങിജീവിക്കാനാണ് ആഗ്രഹം.
വിവാഹിതനാണ് കുഞ്ഞനന്തന്‍. ഭാര്യ ചിത്തിര. രണ്ട് കുട്ടികളുമുണ്ട്. പ്രണയിച്ചു വിവാഹിതരായവരാണ്. ഇപ്പോള്‍ സഹകരണ ബാങ്കില്‍ പിഗ്മി കളക്ഷന്‍ എടുക്കുന്ന ജോലിയുണ്ട് ചിത്തിരയ്ക്ക്. പ്രണയത്തിന്റെയും ദാമ്പത്യജീവിതത്തിന്റെയും ആദ്യഘട്ടം കഴിഞ്ഞപ്പോഴാണ് അവര്‍ പരസ്പരം തിരിച്ചറിയുന്നത്. രണ്ടുപേരും വ്യത്യസ്തങ്ങളായ ചിന്തകളുടെ ഉടമകളാണെന്ന്.

കടയെ മാത്രം സ്‌നേഹിച്ച് ജീവിക്കുന്ന കുഞ്ഞനന്തന്‍. തന്നെ മാത്രം ആശ്രയിച്ചുകഴിയുന്ന വീട്ടുകാരെ മാത്രമല്ല, ചുററുമുള്ളവരെയും സഹായിക്കണമെന്ന് ചിന്തിക്കുന്ന കുഞ്ഞനന്തന്‍. ഇന്നത്തെ യുവതലമുറകളുടെ ചിന്തകളോട് ഒട്ടും യോജിപ്പില്ലാത്ത കുഞ്ഞനന്തന്‍. സ്‌നേഹസമ്പന്നന്‍.

എന്നിട്ടും കൂടെ കഴിയുന്ന ഭാര്യയുമായി പിരിയാന്‍ ഒടുവില്‍ തീരുമാനിക്കുമ്പോള്‍ എവിടെയാണ് പ്രശ്‌നം? സ്വന്തം കാലില്‍ നില്ക്കാന്‍ ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഭാര്യ ചിത്തിരയ്ക്ക് എന്തുകൊണ്ടാണ് ഭര്‍ത്താവിന്റെ സ്‌നേഹം തിരിച്ചറിയാന്‍ കഴിയാത്തത്.
ഇവരുടെ പ്രശ്‌നങ്ങള്‍ നര്‍മത്തോടെ അവതരിപ്പിക്കുകയാണ് 'കുഞ്ഞനന്തന്റെ കട' എന്ന ചിത്രത്തിലൂടെ.

ദേശീയ പുരസ്‌കാരം നേടിയ ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിനുശേഷം സലീം അഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കുഞ്ഞനന്തന്റെ കട' എന്ന ചിത്രത്തില്‍ കുഞ്ഞനന്തനായി മമ്മൂട്ടി അഭിനയിക്കുന്നു. പുതുമുഖം നൈല ഉഷയാണ് ചിത്തിരയായി പ്രത്യക്ഷപ്പെടുന്നത്. ദുബായിലെ ഹിററ് 96.7 എഫ്.എം. റേഡിയോ ജോക്കിയായ നൈല ഉഷ തിരുവനന്തപുരം സ്വദേശിനിയാണ്. ദുബായില്‍ സ്ഥിരതാമസമാക്കിയ നൈല ആദ്യ ചിത്രത്തില്‍തന്നെ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിലുള്ള ത്രില്ലിലാണ്.
ബാലചന്ദ്രമേനോന്‍, സലിംകുമാര്‍, സിദ്ധിക്, യവനിക ഗോപാലകൃഷ്ണന്‍, മാസ്റ്റര്‍ നവനീത്, ബേബി എസ്തര്‍ തുടങ്ങിയവരാണ് കുഞ്ഞനന്തന്റെ കടയിലെത്തുന്ന മറ്റു പ്രമുഖര്‍.

ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ഈ ചിത്രത്തില്‍ സിങ്ക് സൗണ്ട് കൈകാര്യം ചെയ്യുന്നത്. അലന്‍സ് മീഡിയയുടെ ബാനറില്‍ സലീം അഹമ്മദ് തന്നെ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു അമ്പാട്ട് നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകരുന്നത് എം.ജയചന്ദ്രനാണ്.

''കേരളത്തില്‍ വിവാഹമോചനം നേടുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇത്രയും സാക്ഷരതയുള്ള ഈ നാട്ടില്‍ എങ്ങനെ ഇതു സംഭവിക്കുന്നു എന്നതിന്റെ രസകരമായ അന്വേഷണവും തിരിച്ചറിയുന്ന ചില യാഥാര്‍ഥ്യങ്ങളുമാണ് ഇന്നത്തെ സാഹചര്യങ്ങളെ പശ്ചാത്തലമാക്കി കുഞ്ഞനന്തന്റെ കടയില്‍ ദൃശ്യവത്കരിക്കുന്നത്.''-സംവിധായകന്‍ സലീം അഹമ്മദ് പറഞ്ഞു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, കല-ജ്യോതിഷ്ശങ്കര്‍, മേക്കപ്പ്-പട്ടണം റഷീദ്, പട്ടണം ഷാ, വസ്ത്രാലങ്കാരം-ഇന്ദ്രന്‍സ് ജയന്‍, സ്റ്റില്‍സ്-രാം ദാസ് മാത്തൂര്‍, എഡിററര്‍-വിജയ്ശങ്കര്‍, ചീഫ് അസോസിയേററ് ഡയരക്ടര്‍-പ്രജിത്ത് ജി., അസിസ്റ്റന്റ് മാനേജര്‍-ബേബി പണിക്കര്‍, മനുരാമന്‍, ഇന്ദു നമ്പൂതിരി, ജോണ്‍പോള്‍, പ്രസന്നന്‍, നൗഫല്‍, പ്രൊഡക്ഷന്‍ മാനേജര്‍-മസൂദ്, പശ്ചാത്തല സംഗീതം ഐസക്ക് തോമസ്സ് കൊട്ടുകാപ്പള്ളി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-കിഷോര്‍ പുറക്കാട്ടിരി, രാജേഷ് ഏലൂര്‍.

No comments:

Post a Comment

Like us on Face Book https://www.facebook.com/movierocking

Blog Archive