Saturday, April 5, 2014

രണ്ജിക്ക് മമ്മൂട്ടിയുടെ മുന്നറിയിപ്

രണ്ജിക്ക് മമ്മൂട്ടിയുടെ മുന്നറിയിപ് 


ഇതു ശിക്ഷയാ... ഞങ്ങളെയൊക്കെ ഡയലോഗു പറഞ്ഞ് വിഷമിപ്പിക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു ഇതു തിരിച്ച് തനിക്കിട്ടു തന്നെ പണിയാകുമെന്ന്.' ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്യുന്ന 'മുന്നറിയിപ്പ് 'എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ഉണ്ണി ആര്‍-ന്റെ തിരക്കഥ വായിച്ച് ഡയലോഗ് മനഃപാഠമാക്കുന്ന രണ്‍ജി പണിക്കരെ മമ്മൂട്ടി കളിയാക്കി. രണ്‍ജിയുടെ നെടുനീളന്‍ സംഭാഷണങ്ങള്‍ ബുദ്ധിമുട്ടി കാണാതെ പറഞ്ഞിട്ടുണ്ട് മമ്മൂട്ടി. ഇപ്പോള്‍ മമ്മൂട്ടിയോടൊപ്പം മുന്നറിയിപ്പില്‍ അഭിനേതാവാണ് രണ്‍ജി. കളിയാക്കല്‍ ആസ്വദിച്ച് രണ്‍ജി പണിക്കര്‍ ചോദിച്ചു, 'ഇതിനാണല്ലേ എന്നെ വിളിച്ചത് ?' 

'എഴുതിക്കൂട്ടാനല്ലാതെ ഈ പണിയുടെ സ്ട്രയിനും ഒന്നറിയണമല്ലോ. ഇനി എഴുതുമ്പോ ഇത്തിരി കുറച്ചോണേ', മമ്മൂട്ടിയുടെ മറുപടി. 
എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദയ എന്ന ചിത്രത്തിലൂടെ സംവിധായകനായ വേണുവിന്റെ രണ്ടാമത്തെ ചിത്രമാണ് മുന്നറിയിപ്പ്. വേണുവിന്റെ കഥയ്ക്ക് ആര്‍.ഉണ്ണിയാണ് തിരക്കഥയൊരുക്കുന്നത്. 'ഇതൊരു ടോക്കി ചിത്രം കൂടിയാണ്. സംഭാഷണത്തിന് പ്രാധാന്യം കൂടുതലുള്ള ചിത്രം. എന്റെ മുന്‍ ചിത്രങ്ങളൊക്കെ സംഭാഷണത്തിന് പരിമിതിയുള്ളവയായിരുന്നു', ഉണ്ണി പറയുന്നു. 

കോഴിക്കോട്ടെ ഗുജറാത്തി സ്ട്രീറ്റിലെ ഒരു പഴയ കെട്ടിടത്തിന്റെ മുകളിലുള്ള ഇടുങ്ങിയ മുറിയിലാണ് ചിത്രീകരണം. രാഘവന്‍ എന്ന പ്രധാന കഥാപാത്രമായി മമ്മൂട്ടിയും മാധ്യമപ്രവര്‍ത്തകനായ മോഹന്‍ദാസായി രണ്‍ജി പണിക്കരും സഹപ്രവര്‍ത്തകയായ അഞ്ജലി അറയ്ക്കലായി അപര്‍ണ ഗോപിനാഥും ലൊക്കേഷനിലുണ്ട്. രാഘവന്റെ വാസസ്ഥമാണത്. അയാളുടെ ഒറ്റപ്പെട്ട ജീവിതത്തിലേയ്ക്ക് അവിചാരിതമായാണ് അഞ്ജലി കടന്നു വന്നത്. രാഘവനില്‍ പല പ്രത്യേകതകളും കണ്ട അഞ്ജലി അയാളെ ചില കാര്യങ്ങള്‍ ഏല്പിച്ചു. എന്നാല്‍ അവളെത്തിയപ്പോള്‍ അയാള്‍ ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല. രാഘവന്റെ മേല്‍ അല്പം അധികാരം കാട്ടുന്ന അഞ്ജലിയെ മോഹന്‍ദാസ് വിലക്കുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. 

നെടുമുടി വേണു, പ്രതാപ് പോത്തന്‍, ജോയ് മാത്യു, സംവിധായകന്‍ ജോഷി മാത്യു, ശ്രീരാമന്‍, കോട്ടയം നസീര്‍, സുധീഷ്, മുത്തുമണി, വിനോദ് കെടാമംഗലം, ശശി കലിംഗ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ബിജിപാലിന്റേതാണ് സംഗീതം. വേണു തന്നെയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

എഡിറ്റിങ്: ബീനാ പോള്‍. കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍. മേക്കപ്പ്: റോണക്‌സ് സേവ്യര്‍. വസ്ത്രാലങ്കാരം: സിജി തോമസ്. ചീഫ് അസോ.ഡയറക്ടര്‍: വി.പി.സജിമോന്‍. പ്രൊഡ.കണ്‍ട്രോളര്‍: സേതു മണ്ണാര്‍ക്കാട്. പി.ആര്‍.ഒ.: വാഴൂര്‍ ജോസ്. 

സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനി നിര്‍മ്മിക്കുന്ന മുന്നറിയിപ്പിന്റെ ചിത്രീകരണം കോഴിക്കോടും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു.

No comments:

Post a Comment

Like us on Face Book https://www.facebook.com/movierocking